തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് ബിജെപി കോർ കമ്മിറ്റി യോഗത്തിൽ വി. മുരളീധരൻ എംഎൽഎ ആവശ്യപ്പെട്ടു. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എസ്. സുരേഷിനും വൈസ് പ്രസിഡന്റ് കെ. സോമനുമെതിരെ യോഗത്തിൽ വിമർശനം ഉയർന്നു.
കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും ശക്തമായ നടപടി ഉണ്ടാകുമെന്നും സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ പാർട്ടിക്കുള്ളിൽ ശക്തമായ നടപടി വേണമെന്ന നിലപാടാണ് വി. മുരളീധരൻ ഉന്നയിച്ചത്.
സംഭവത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ മാതൃകാപരമായ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പുകളിൽ സാധാരണയായി പാർട്ടി സംസ്ഥാന ഓഫീസ് കേന്ദ്രീകരിച്ചു തന്നെയാണ് ഇതുവരെയും ഫണ്ടു കൈകാര്യം ചെയ്തിരുന്നത്. അപ്പോഴൊന്നും ഉണ്ടാകാത്ത ഫണ്ടു തിരിമറിയാണ് ഇപ്പോൾ നടന്നിരിക്കുന്നത്. ഇക്കാര്യത്തിൽ പാർട്ടി തലത്തിൽ വിശദമായ അന്വേഷണം വേണമെന്നും ചുമതലക്കാരനായ എസ്.സുരേഷിനെതിരെ ഉചിതമായ നടപടി വേണമെന്നും യോഗത്തിൽ ശക്തമായ ആവശ്യമുയർന്നു.
വട്ടിയൂർക്കാവ് മണ്ഡലത്തിൽ പാർട്ടി നേതൃത്വം നന്നായി പണിയെടുത്തിരുന്നുവെങ്കിൽ ജയിക്കുമായിരുന്നുവെന്നു സ്ഥാനാർഥി കൂടിയായിരുന്ന ആർ.ശ്രീലേഖ പറഞ്ഞു. പ്രാദേശികമായി നേതൃത്വം നൽകേണ്ടവർ കഴക്കൂട്ടത്തും നേമത്തും പ്രവർത്തിക്കാൻ പോയി. ഇതു തെരഞ്ഞെടുപ്പു പ്രചരണത്തെ ദോഷമായി ബാധിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സോമനെതിരെയും ശ്രീലേഖ കടുത്ത വിമർശനമുയർത്തി.
ഈ രീതിയിലാണു മണ്ഡലത്തിലെ പ്രവർത്തനം മുന്നോട്ടു പോകുന്നതെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിലും പരാജയമായിരിക്കും സംഭവിക്കുക. തെരഞ്ഞെടുപ്പു ഫണ്ടു വിവാദത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ ഇനി വൈകിക്കൂടെന്നും ശ്രീലേഖ ആവശ്യപ്പെട്ടു. അതേസമയം പിഎസ്സി ഉദ്യോഗാർഥികളുടെ സമരത്തിൽ ശക്തമായ ഇടപെടൽ നടത്താനും ബിജെപി കോർ കമ്മിറ്റി യോഗം തീരുമാനിച്ചു.